ഷൊർണൂർ: അധികാരികളറിയാൻ... ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ ചോർന്നൊലിക്കുകയാണ്. ഈ മഴക്കാലം എങ്ങിനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ് സ്റ്റേഷനിലുള്ളവർ.
സ്റ്റേഷൻ ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷംതന്നെ പിന്നിട്ടുകഴിഞ്ഞു. നിരവധി ഭാഗങ്ങളാണ് ഇവിടെ ചോർന്നൊലിക്കുന്നത്. മഴ തുടങ്ങിയാൽ എസ്ഐയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്തുതന്നെ ഒരു ബക്കറ്റ് സ്ഥാപിക്കണം.
വിവിധ കേസുകളിലെ പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നാൽ അവരെ തടവിലാക്കാനുള്ള ലോക്കപ്പും ചോർന്നൊലിക്കുകയാണ്. 60 പോലീസുകാർ രാപ്പകൽ ജോലിചെയ്യേണ്ട സ്റ്റേഷനിൽ പ്രാഥമിക കൃത്യനിർവഹണത്തിനുപോലും സൗകര്യമില്ല. പരാതിക്കാർ വന്നാൽ ഇരിക്കാൻ പോലുമിവിടെ ഇടമില്ലെന്നതാണ് യാഥാർഥ്യം.
വനിതാ പോലീസുകാരുൾപ്പടെ ജോലി ചെയ്യുന്ന ഈ സ്റ്റേഷനിൽ ഇവർക്കുമില്ല, വിശ്രമിക്കാനാവശ്യമായ മുറിയും ശൗചാലയവും. ക്രിമിനലുകളെ കൂടുതൽ കൈകാര്യം ചെയ്യേണ്ടിവരുന്ന റെയിൽവെ സ്റ്റേഷനിൽ ഇവരെ പാർപ്പിക്കുന്നതുപോലും സുരക്ഷ ഒട്ടുമില്ലാത്ത ലോക്കപ്പിലാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനിലെ പോലീസ് സ്റ്റേഷന്റെ അവസ്ഥയാണിത്. വർഷങ്ങളായി പോലീസ് സ്റ്റേഷന്റെ സൗകര്യം വർധിപ്പിക്കണമെന്നാവശ്യപ്പെടുന്നുണ്ടെങ്കിലും റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല.
ഓടിട്ട പഴയ കെട്ടിടത്തിൽതന്നെയാണ് സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചെങ്കിലും ഒരു പരിഗണനയും പോലീസ് സ്റ്റേഷന് നൽകിയില്ലെന്ന് എസ്ഐ അനിൽ മാത്യു പറയുന്നു. 2000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമെങ്കിലും ഇത്രയും പോലീസുകാർ ജോലിചെയ്യുന്നതിന് ആവശ്യമാണെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.